
സെയ്ന്റ് നിക്ക്
സെയ്ന്റ് നിക്കോളാസ് (സെയ്ന്റ് നിക്ക്) എന്നറിയപ്പെടുന്ന വ്യക്തി ഏകദേശം എ.ഡി. 270 -ൽ ഒരു സമ്പന്ന ഗ്രീക്ക് കുടുംബത്തിലാണ് ജനിച്ചത്. നിർഭാഗ്യമെന്നു പറയട്ടെ, അവൻ ബാലനായിരുന്നപ്പോൾ അവന്റെ മാതാപിതാക്കൾ മരിച്ചു, തുടർന്ന് അവനെ സ്‌നേഹിക്കുകയും ദൈവത്തെ അനുഗമിക്കാൻ പഠിപ്പിക്കുകയും ചെയ്ത അമ്മാവനോടൊപ്പം അവൻ ജീവിച്ചു. നിക്കോളാസ് ചെറുപ്പമായിരുന്നപ്പോൾ, സ്ത്രീധനം കൊടുക്കാൻ നിർവാഹമില്ലാത്തിനാൽ വിവാഹിതരാകാൻ കഴിയാത്ത മൂന്ന് സഹോദരിമാരെ കുറിച്ച് അവൻ കേട്ടു. അവർ അധികം താമസിയാതെ അനാഥരാകുമെന്നും അറിഞ്ഞു. ആവശ്യത്തിലിരിക്കുന്നവർക്ക് നൽകുന്നതിനെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കൽ പിന്തുടരാൻ ആഗ്രഹിച്ചുകൊണ്ട്, അവൻ തന്റെ അവകാശ സ്വത്ത് വിറ്റ് സഹോദരിമാർ ഓരോരുത്തർക്കും സ്വർണ്ണ നാണയങ്ങളുടെ ഓരോ കിഴി സമ്മാനിച്ചു. ബാക്കി പണം ദരിദ്രർക്ക് ഭക്ഷണം നൽകാനും മറ്റുള്ളവരെ പരിപാലിക്കാനും നിക്കോളാസ് നൽകി. തുടർന്നുള്ള നൂറ്റാണ്ടുകളിൽ, നിക്കോളാസ് തന്റെ ഔദാര്യത്തിന്റെ പേരിൽ ആദരിക്കപ്പെട്ടു, കൂടാതെ സാന്താക്ലോസ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കഥയിൽ നിന്നുരുത്തിരിഞ്ഞതാണെന്നും പറയപ്പെടുന്നു.
ക്രിസ്തുമസ് സീസണിലെ തിളക്കവും പരസ്യവും നമ്മുടെ ആഘോഷങ്ങൾക്ക് ഭീഷണിയാകുമെങ്കിലും, സമ്മാനങ്ങൾ നൽകുന്ന പാരമ്പര്യം നിക്കോളാസുമായി ബന്ധിപ്പെട്ടിരിക്കുന്നു. അവന്റെ ഔദാര്യം യേശുവിനോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലായിരുന്നു. ക്രിസ്തു സങ്കൽപ്പിക്കാനാവാത്ത ഔദാര്യം നടപ്പാക്കി, ഏറ്റവും അഗാധമായ സമ്മാനം കൊണ്ടുവന്നു എന്ന് നിക്കോളാസിന് അറിയാമായിരുന്നു - അതായത് “ദൈവം നമ്മോടുകൂടെ’’ ആയ യേശു (മത്തായി 1:23). അവൻ നമുക്ക് ജീവന്റെ സമ്മാനം കൊണ്ടുവന്നു. മരണത്തിന്റെ ലോകത്തിൽ, അവൻ ''തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കുന്നു'' (വാ. 21)
നാം യേശുവിൽ വിശ്വസിക്കുമ്പോൾ, ത്യാഗപരമായ ഔദാര്യം വെളിപ്പെടുന്നു. നാം മറ്റുള്ളവരുടെ ആവശ്യങ്ങളിൽ ഔദാര്യം കാണിക്കുന്നു, ദൈവം നമുക്കുവേണ്ടി നൽകുന്നതുപോലെ നാം മറ്റുള്ളവർക്കും സന്തോഷത്തോടെ നൽകുന്നു. ഇത് സെയ്ന്റ് നിക്കിന്റെ കഥയാണ്; എന്നാൽ അതിലുപരിയായി ഇത് ദൈവത്തിന്റെ കഥയാണ്.

ദൈവത്തിന്റെ ഏറ്റവും ആശ്വാസദായകമായ വിശ്വസ്തത
വർഷങ്ങൾക്ക് മുമ്പ്, ഞങ്ങളുടെ കുടുംബം, നാല് സംസ്ഥാനങ്ങൾ ഒരു സ്ഥലത്ത് ഒത്തുചേരുന്ന അമേരിക്കയിലെ ഒരേയൊരു സ്ഥലമായ ഫോർ കോർണേഴ്‌സ് സന്ദർശിച്ചിരുന്നു. അരിസോണ എന്ന് അടയാളപ്പെടുത്തിയ ഭാഗത്ത് എന്റെ ഭർത്താവ് നിന്നു. ഞങ്ങളുടെ മൂത്ത മകൻ എജെ യൂട്ടായിലേക്ക് ചാടി. ഞങ്ങളുടെ ഇളയ മകൻ സേവ്യർ എന്റെ കൈ പിടിച്ചുകൊണ്ട് ഞങ്ങൾ കൊളറാഡോയിലേക്ക് കാലെടുത്തുവെച്ചു. ഞാൻ ന്യൂ മെക്‌സിക്കോയിലേക്ക് നീങ്ങിയപ്പോൾ സേവ്യർ പറഞ്ഞു, ''അമ്മേ, അമ്മ എന്നെ കൊളറാഡോയിൽ ഉപേക്ഷിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!'' ഞങ്ങളുടെ ചിരി നാല് വ്യത്യസ്ത സംസ്ഥാനങ്ങളിൽ കേൾക്കുമ്പോൾ തന്നെ ഞങ്ങൾ ഒരേസമയം ഒരുമിച്ചും അകന്നും ഇരിക്കുകയായിരുന്നു. ഇപ്പോൾ ഞങ്ങളുടെ മുതിർന്ന മക്കൾ വീടുവിട്ടുപോയതിനാൽ, അവർ പോകുന്നിടത്തെല്ലാം, തന്റെ എല്ലാ ജനങ്ങളോടും താൻ അടുത്തിരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്തത്തെക്കുറിച്ച് എനിക്ക് ആഴമായ വിശ്വാസമുണ്ട്.
മോശയുടെ മരണശേഷം, ദൈവം യോശുവായെ നേതൃസ്ഥാനത്തേക്ക് വിളിക്കുകയും യിസ്രായേലിനു ദേശം കൈവശമാക്കാൻ പോകുമ്പോൾ അവന്റെ സാന്നിധ്യം ഉറപ്പുനൽകുകയും ചെയ്തു (യോശുവ 1:1-4). ദൈവം അരുളിച്ചെയ്തത്, ''ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല'' (വാ. 5). തന്റെ ജനത്തിന്റെ പുതിയ നേതാവെന്ന നിലയിൽ യോശുവ സംശയത്തോടും ഭയത്തോടും പോരാടേണ്ടിവരുമെന്ന് അറിയാമായിരുന്ന ദൈവം ഈ വാക്കുകളിലൂടെ പ്രത്യാശയുടെ ഒരു അടിത്തറ പണിതു: ''നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ'' (വാ. 9).
ദൈവം നമ്മെ അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരെ എവിടേക്ക് നയിച്ചാലും, പ്രയാസകരമായ സമയങ്ങളിൽ പോലും, അവന്റെ ഏറ്റവും ആശ്വാസദായകമായ വിശ്വസ്തത അവൻ എപ്പോഴും സന്നിഹിതനാണെന്ന് നമുക്ക് ഉറപ്പുനൽകുന്നു.

നിഴലും ദൈവത്തിന്റെ വെളിച്ചവും
എലെയ്ൻ ക്യാൻസറിന്റെ സങ്കീർണ്ണമായി അവസ്ഥയിലാണെന്നു കണ്ടെത്തിയപ്പോൾ, അവൾ യേശുവിനോടൊപ്പം ചേരാൻ അധികനാളില്ല എന്ന് അവൾക്കും അവളുടെ ഭർത്താവ് ചക്കിനും മനസ്സിലായി. തങ്ങളുടെ അമ്പത്തിനാല് വർഷത്തെ ഏറ്റവും ആഴമേറിയതും പ്രയാസമേറിയതുമായ താഴ്വരയിലൂടെ ഒരുമിച്ചുള്ള യാത്രയിൽ ദൈവം തങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന സങ്കീർത്തനം 23-ലെ വാഗ്ദത്തത്തെ ഇരുവരും നിധിപോലെ സൂക്ഷിച്ചിരുന്നു. ദശാബ്ദങ്ങൾക്കുമുമ്പ് യേശുവിൽ വിശ്വാസം അർപ്പിച്ച എലെയ്ൻ യേശുവിനെ കാണാൻ ഒരുക്കമായിരുന്നു എന്ന വസ്തുതയിൽ അവർ പ്രത്യാശ പ്രകടിപ്പിച്ചു.
തന്റെ ഭാര്യയുടെ അനുസ്മരണ ചടങ്ങിൽ, താൻ ഇപ്പോഴും “മരണനിഴൽ താഴ്‌വരയിലൂടെ’’ സഞ്ചരിക്കുകയാണെന്ന് ചക്ക് പറഞ്ഞു (സങ്കീർത്തനം 23:4 ). ഭാര്യയുടെ സ്വർഗ്ഗ ജീവിതം അപ്പോഴേക്കും തുടങ്ങിയിരുന്നു. എന്നാൽ “മരണത്തിന്റെ നിഴൽ’’ അപ്പോഴും അദ്ദേഹത്തോടും എലെയ്‌നെ അത്യധികം സ്‌നേഹിച്ചിരുന്ന മറ്റുള്ളവരോടും ഒപ്പമുണ്ടായിരുന്നു.
മരണനിഴൽ താഴ് വരയിലൂടെ സഞ്ചരിക്കുമ്പോൾ, നമ്മുടെ വെളിച്ചത്തിന്റെ ഉറവിടം എവിടെ കണ്ടെത്താനാകും? അപ്പൊസ്തലനായ യോഹന്നാൻ പ്രഖ്യാപിക്കുന്നു: ''ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല'' (1 യോഹന്നാൻ 1:5). യോഹന്നാൻ 8:12-ൽ യേശു ഇങ്ങനെ പ്രഖ്യാപിച്ചു: ''ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.''
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നാം “അവന്റെ മുഖപ്രകാശത്തിൽ നടക്കുന്നു’’ (സങ്കീർത്തനം 89:15). ഇരുണ്ട നിഴലിലൂടെ നാം സഞ്ചരിക്കുമ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നും പ്രകാശത്തിന്റെ ഉറവിടമാകുമെന്നും നമ്മുടെ ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്.

യേശുവിന് കീഴടങ്ങുക
1951-ൽ, ജോസഫ് സ്റ്റാലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജോലിഭാരം കുറയ്ക്കാൻ ഡോക്ടർ അദ്ദേഹത്തെ ഉപദേശിച്ചു. സോവിയറ്റ് യൂണിയന്റെ ഭരണാധികാരി ഡോക്ടറെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തു. നുണകൾ കൊണ്ട് പലരെയും അടിച്ചമർത്തുന്ന സ്വേച്ഛാധിപതിക്ക് സത്യത്തിൽ നിൽക്കാൻ കഴിഞ്ഞില്ല. അയാൾ പല തവണ ചെയ്തതുപോലെ - സത്യം പറഞ്ഞ വ്യക്തിയെ നീക്കം ചെയ്തു. എങ്കിലും സത്യം ജയിച്ചു. 1953 ൽ സ്റ്റാലിൻ മരിച്ചു.
യെരൂശലേമിന് എന്ത് സംഭവിക്കുമെന്ന് യെഹൂദയിലെ രാജാവിനോട് പ്രവചിച്ച യിരെമ്യാ പ്രവാചകനെ അവന്റെ പ്രവചനങ്ങളുടെ പേരിൽ അറസ്റ്റു ചെയ്യുകയും ചങ്ങലയിട്ട് കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തു. “ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ,’’ അവൻ സിദെക്കീയാ രാജാവിനോട് പറഞ്ഞു (38:20). നഗരത്തെ നിരോധിച്ചിരിക്കുന്ന സൈന്യത്തിന് കീഴടങ്ങുന്നതിൽ പരാജയപ്പെടുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നും ''നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും'' എന്നും യിരെമ്യാവ് മുന്നറിയിപ്പ് നൽകി. “നീയും അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും’’ (വാ. 23).
ആ സത്യത്തിൽ പ്രവർത്തിക്കുന്നതിൽ സിദെക്കീയാവ് പരാജയപ്പെട്ടു. ഒടുവിൽ ബാബിലോന്യർ രാജാവിനെ പിടികൂടി, അവന്റെ എല്ലാ പുത്രന്മാരെയും കൊന്നു, നഗരം അഗ്നിക്കിരയാക്കി (അദ്ധ്യായം 39).
ഒരർത്ഥത്തിൽ, ഓരോ മനുഷ്യനും സിദെക്കീയാവിന്റെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. പാപത്തിന്റെയും മോശം തിരഞ്ഞെടുപ്പുകളുടെയുമായ സ്വന്തം ജീവിതത്തിന്റെ മതിലുകൾക്കുള്ളിൽ നാം കുടുങ്ങിക്കിടക്കുകയാണ്. പലപ്പോഴും നമ്മളെക്കുറിച്ച് സത്യം പറയുന്നവരെ ഒഴിവാക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ''ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല'' (യോഹന്നാൻ 14:6) എന്ന് പറഞ്ഞവന്റെ ഇഷ്ടത്തിന് കീഴടങ്ങുക മാത്രമാണ് നാം ചെയ്യേണ്ടത്.

സൗമനസ്യം വളർത്തുക
മികച്ച ബിസിനസ്സ് രീതികളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് ദയയും ഔദാര്യവും പോലുള്ള ഗുണങ്ങളല്ല. എന്നാൽ സംരംഭകനായ ജെയിംസ് റീയുടെ അഭിപ്രായത്തിൽ, അവയാണ് പ്രധാനം. സാമ്പത്തിക തകർച്ചയുടെ വക്കിലുള്ള ഒരു കമ്പനിയുടെ സിഇഒ എന്ന നിലയിൽ റീയുടെ അനുഭവത്തിൽ, അദ്ദേഹം “സൗമനസ്യം’’ എന്ന് വിളിക്കുന്നവയ്ക്ക് മുൻഗണന നൽകി-“ദയയുടെ സംസ്‌കാരം,’’ നൽകാനുള്ള മനോഭാവം. ഇതു കമ്പനിയെ രക്ഷിക്കുകയും അഭിവൃദ്ധിയിലേക്ക് നയിക്കുകയും ചെയ്തു. ഈ ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ആളുകൾക്ക് ഐക്യപ്പെടുന്നതിനും നവീകരണത്തിനും പ്രശ്‌നപരിഹാരത്തിനും ആവശ്യമായ പ്രതീക്ഷയും പ്രചോദനവും നൽകി. റീ വിശദീകരിക്കുന്നു, ''സുമനസ്സ് . . . സംയോജിപ്പിക്കാനും വർദ്ധിപ്പിക്കാനും കഴിയുന്ന ഒരു യഥാർത്ഥ സമ്പത്താണ്.''
ദൈനംദിന ജീവിതത്തിൽ, ദയ പോലുള്ള ഗുണങ്ങളെ അവ്യക്തവും അദൃശ്യവും ആയി - നമ്മുടെ മറ്റ് മുൻഗണനകളിലേക്കുള്ള ചിന്തകളായി - കണക്കാക്കുന്നത് എളുപ്പമാണ്. എന്നാൽ, അപ്പോസ്തലനായ പൗലൊസ് പഠിപ്പിച്ചതുപോലെ, അത്തരം ഗുണങ്ങൾ എല്ലാറ്റിനും ഉപരി പ്രധാനമാണ്.
പുതിയ വിശ്വാസികൾക്ക് എഴുതുമ്പോൾ, വിശ്വാസികളുടെ ജീവിതത്തിന്റെ ഉദ്ദേശ്യം, ആത്മാവിലൂടെ ക്രിസ്തുവിന്റെ ശരീരത്തിലെ പക്വതയുള്ള അവയവങ്ങളായി മാറുക എന്നതാണ് (എഫെസ്യർ 4:15) എന്ന് പൗലൊസ് ഊന്നിപ്പറഞ്ഞു. അതിനായി, ഓരോ വാക്കിനും ഓരോ പ്രവൃത്തിക്കും മൂല്യമുണ്ടാകത്തക്കവിധം അത് കെട്ടിപ്പടുക്കുകയും മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തുകയും ചെയ്താൽ മാത്രമേ അത് വിലയുള്ളതാകയുള്ളൂ (വാ. 29). ദയ, മനസ്സലിവ്, ക്ഷമ എന്നിവയ്ക്ക് ദൈനംദിന മുൻഗണന നൽകുന്നതിലൂടെ മാത്രമേ നമ്മിൽ രൂപാന്തരം സംഭവിക്കുകയുള്ളൂ (വാ. 32).
പരിശുദ്ധാത്മാവ് നമ്മെ ക്രിസ്തുവിലുള്ള മറ്റ് വിശ്വാസികളിലേക്ക് ആകർഷിക്കുമ്പോൾ, നാം പരസ്പരം പഠിക്കുകയും വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നു.